കമ്പ്യൂട്ടര്‍ മൗസിന്റെ കാര്യം പരുങ്ങലിലാണ്. മൗസില്ലെങ്കിലും പേഴ്‌സണല്‍ കമ്പ്യൂട്ടിങ് സാധ്യമാകുമെന്ന് ഇപ്പോള്‍ നമുക്കറിയാം. ടച്ച്പാഡുകളും ടച്ച്‌സ്‌ക്രീനുകളുമൊക്കെ ആ ഉപകരണത്തിന്റെ പ്രാധാന്യം കാര്യമായി കുറച്ചുകഴിഞ്ഞു.
അതിനിടെയിതാ, ഒറ്റയടിക്ക് മൗസിന്റെ കഥകഴിക്കാന്‍പോന്ന ഒരുപകരണം അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 'ത്രീഡിടച്ച്' ( 3DTouch ) എന്ന് പേരിട്ടിട്ടുള്ള ഒരു 'സ്മാര്‍ട്ട് വിരലുറ'യാണത്. വെര്‍ച്വല്‍ലോകവുമായി ത്രിമാനതലത്തില്‍ ഇടപഴകാന്‍ സഹായിക്കുന്ന ഈ സങ്കേതം, കമ്പ്യൂട്ടര്‍ മൗസിന്റെ ആവശ്യംതന്നെ ഇല്ലാതാക്കിയേക്കാം.
1960 കളില്‍ ഡോ എന്‍ഗല്‍ബര്‍ട്ട് കമ്പ്യൂട്ടര്‍ മൗസ് രൂപപ്പെടുത്തിയ കാലം മുതല്‍ കമ്പ്യൂട്ടറുകളുമായി മനുഷ്യര്‍ക്ക് ഇടപഴകാനുള്ള പ്രധാന ഉപാധിയായിരുന്നു അത്. പക്ഷേ, സമീപകാലത്ത് അതിന്റെ പ്രധാന്യം കുറഞ്ഞു. ലാപ്‌ടോപ്പുകളുടെയും മറ്റും സ്‌ക്രീനുകള്‍ ടച്ച്‌സ്‌ക്രീനാക്കാന്‍ പാകത്തില്‍ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 8 ഒഎസ് രംഗത്തെത്തിയതോടെ പ്രത്യേകിച്ചും.
മൗസിന് പകരംവെയ്ക്കാന്‍ പാകത്തില്‍ ത്രീഡിടച്ച് വികസിപ്പിക്കുന്നത്, അമേരിക്കയില്‍ യോമിങ് സര്‍വകലാശാലയിലെ ആന്‍ ഗുയെന്‍, ആമി ബാനിക് എന്നിവര്‍ ചേര്‍ന്നാണ്. അവര്‍ രൂപംനല്‍കിയ സ്മാര്‍ട്ട് വിരലുറയ്ക്ക് ത്രിമാനതലത്തിലുള്ള സ്ഥാനം കൃത്യമായി മനസിലാക്കാനുള്ള ശേഷിയുണ്ട്. അതിനനുസരിച്ച് കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ ഐക്കണുകളുമായി ഇടപഴകാന്‍ അനായാസം സാധിക്കും.
പേഴ്‌സണല്‍ കമ്പ്യൂട്ടറുമായി മാത്രമല്ല, ഏതുതരം കമ്പ്യൂട്ടിങ് ഉപകരണവുമായും ഇടപഴകാന്‍ സഹായിക്കുന്ന വിലകുറഞ്ഞ ഉപകരണമാണ് ഗുയെനും ബാനികും ലക്ഷ്യംവെയ്ക്കുന്നതെന്ന്'എംഐടി ടെക്‌നോളജി റിവ്യൂ' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
വിരലഗ്രത്തില്‍ എളുപ്പത്തില്‍ ഇരിക്കുന്ന തരത്തിലാണ് ത്രീഡിടച്ച് വികസിപ്പിക്കുന്നത്. ത്രീഡി ആക്‌സിലറോമീറ്റര്‍, ത്രീഡി ഗൈറോസ്‌കോപ്പ്, ത്രീഡി മാഗ്നെറ്റോമീറ്റര്‍ എന്നീ സങ്കേതങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ത്രീഡിടച്ച്.
വയറുകളാല്‍ ബന്ധിപ്പിച്ചിട്ടുള്ള രീതിയിലാണ് ഉപകരണത്തിന്റെ പ്രാഥമികരൂപം. പിന്നീട് വയര്‍ലെസ് ആയിത്തന്നെ പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ ഇത് മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.
മൗസിനെക്കാള്‍ കൃത്യതയോടെയും എളുപ്പത്തിലും ചിലവുകുറഞ്ഞ രീതിയിലും കമ്പ്യൂട്ടിങ് ഉപകരണങ്ങളുമായി ഇടപഴകാന്‍ ത്രീഡിടച്ച് ഭാവിയില്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍
Comments
Post a Comment