APPLE WATCH
കാത്തിരിപ്പിനൊടുവില്‍ 'ആപ്പിള്‍ വാച്ച്' എത്തി
| കുപെര്‍ഷിനോയില്‍ ആപ്പിള്‍ മേധാവി ടിം കുക്ക് 'ആപ്പിള്‍ വാച്ച്' അവതരിപ്പിച്ചപ്പോള്‍ | 
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ആപ്പിള്‍ തങ്ങളുടെ ആദ്യ വിയറബിള്‍ ഗാഡ്ജറ്റ് പുറത്തിറക്കി. കാലിഫോര്‍ണിയയില്‍ കുപെര്‍ഷിനോയിലെ ഫ്‌ലിന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ എട്ടാം തലമുറ ഐഫോണുകള്‍ക്കൊപ്പം 'ആപ്പിള്‍ വാച്ച്' ( Apple Watch )അവതരിപ്പിക്കുകയായിരുന്നു.
ആപ്പിളിന്റെ തനതായ ഡിസൈനുമായാണ് ആപ്പിള്‍ വാച്ച് എത്തിയിരിക്കുന്നത്. കൈത്തണ്ടയിലണിയാവുന്ന ഒരു ചെറുകമ്പ്യൂട്ടറാണ് ആപ്പിള്‍ വാച്ച്. ഫ് ളാറ്റ് സ്‌ക്രീനും പോറലേല്‍ക്കാത്ത സഫയര്‍ഗ്ലാസ്സിന്റെ സംരക്ഷണവും ഇതിനുണ്ട്.
സമാനമായ ഗാഡ്ജറ്റുകളെ അപേക്ഷിച്ച് മികച്ച സ്‌ക്രീനാണ് തങ്ങളുടെ സ്മാര്‍ട്ട്‌വാച്ചിനുള്ളതെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. ടാപ്പ് ചെയ്യുന്നതും പ്രസ്സ് ചെയ്യുന്നതുമെല്ലാം കൃത്യമായി തിരിച്ചറിയാന്‍ ആപ്പിള്‍ വാച്ചിലെ കുഞ്ഞന്‍ സ്‌ക്രീനിനാകും.
ഐഫോണുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പിള്‍ വാച്ച് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഫോണ്‍ നോട്ടിഫിക്കേഷനുകളും ഈമെയിലും സന്ദേശങ്ങളുമെല്ലാം നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) സങ്കേതം വഴി വാച്ചില്‍ തെളിയും.
ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനും വോയ്‌സ് കമാന്‍ഡിലൂടെ ഐഫോണ്‍ നിയന്ത്രിക്കാനും ആപ്പിള്‍ വാച്ച് ഉപയോഗിക്കാം. അതിനായി ആപ്പിളിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റായ 'സിരി' ( Siri ) ആപ്പിള്‍ വാച്ചില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്.
ഇപ്പോള്‍ എത്തിയിരിക്കുന്ന ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവ കൂടാതെ ഐഫോണ്‍ 5, ഐഫോണ്‍ 5എസ് എന്നീ മോഡലുകളുമായും കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആപ്പിള്‍ വാച്ചിനാകും.
'ഡിജിറ്റല്‍ ക്രൗണ്‍' എന്ന പേരില്‍ സ്‌ക്രോളിങ് പോലുള്ള സ്‌ക്രീന്‍ നിയന്ത്രണങ്ങള്‍ എളുപ്പമാക്കാനുള്ള വിദ്യയും ആപ്പിള്‍ വാച്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാച്ചിന്റെ വശത്തുള്ള ഡിജിറ്റല്‍ ക്രൗണ്‍ ഉപയോഗിച്ച് സ്‌ക്രീനില്‍ തൊടാതെ തന്നെ സ്‌ക്രോള്‍ ചെയ്യാനും സൂം ചെയ്യാനുമൊക്കെ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
ജിപിഎസ്, വൈഫൈ എന്നിവയും ആപ്പിള്‍ വാച്ചിലുണ്ട്. വഴി കാണിക്കുക, ദൂരം നിര്‍ണ്ണയിക്കുക പോലുള്ള നാവിഗേഷന്‍ സവിശേഷതകള്‍ നിയന്ത്രിക്കുന്നത് ഇവയാണ്.
പ്രതീക്ഷിച്ചിരുന്ന പോലെ തന്നെ മികച്ച ഫിറ്റ്‌നസ് ഫീച്ചറുകളുമായാണ് ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ച് എത്തിയിരിക്കുന്നത്. ഗൈറോമീറ്റര്‍, ആക്‌സിലറോമീറ്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ വാച്ചിലുണ്ട്.
ഓടുന്നതിന്റെയും സൈക്കിള്‍ ചവിട്ടുന്നതിന്റെയുമൊക്കെ വേഗം കണക്കാക്കാനാകും എന്നതിനൊപ്പം ഹൃദയമിടിപ്പിന്റെ തോത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രേഖപ്പെടുത്താനുള്ള സംവിധാനവും വാച്ചിലുണ്ട്.
ആപ്പിള്‍ വാച്ച്, ആപ്പിള്‍ വാച്ച് സ്‌പോര്‍ട്ട്, ആപ്പിള്‍ വാച്ച് എഡിഷന്‍ എന്നിങ്ങനെ മൂന്നു മോഡലുകളായാണ് ആപ്പിള്‍ വാച്ച് എത്തുന്നത്. ആപ്പിള്‍ വാച്ചിന്റെ പ്രാഥമിക മോഡലിനു പുറമേ സ്‌പോര്‍ട്‌സ് താരങ്ങളുടെയും മറ്റും ഉപയോഗത്തിനായാണ് വാട്ടര്‍ പ്രൂഫായ സ്‌പോര്‍ട്ട് മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്.
18 കാരറ്റ് സ്വര്‍ണ്ണത്തില്‍ നിര്‍മിച്ചിരിക്കുന്ന കെയ്‌സ് ആണ് ആപ്പിള്‍ വാച്ച് എഡിഷന്റെ പ്രത്യേകത. പിങ്ക്, നീല, വെളുപ്പ് നിറങ്ങളിലുള്ള റിസ്റ്റ് ബാന്‍ഡുകളിലും മെറ്റാലിക് സ്ട്രാപ്പിലുമെല്ലാം ആപ്പിള്‍ തങ്ങളുടെ പുതിയ ഗാഡ്ജറ്റ് എത്തിക്കുന്നുണ്ട്. 38 എംഎം, 42 എംഎം (ഉയരം) വലുപ്പത്തില്‍ ആപ്പിള്‍ വാച്ച് എത്തുന്നുണ്ട്.
ആപ്പിള്‍ പ്രത്യേകമായി രൂപകല്‍പന ചെയ്ത ചിപ്പിലാണ് ഈ സ്മാര്‍ട്ട് വാച്ചിന്റെ പ്രവര്‍ത്തനം. ഒരു കമ്പ്യൂട്ടര്‍ ഉള്ളിലൊളിപ്പിച്ച ചിപ്പ് എന്നാണ് ആപ്പിള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. വാച്ച് കെയ്‌സിനു പിന്നില്‍ മാഗ്‌നെറ്റിക് സവിശേഷത ഉപയോഗിച്ച് ഫിക്‌സ് ചെയ്യാവുന്ന നൂതനമായ ചാര്‍ജറാണ് വാച്ചിനായി കമ്പനി ഒരുക്കിയിരിക്കുന്നത്.
നാലുവര്‍ഷത്തിനു ശേഷമാണ് ആപ്പിള്‍ ഒരു പുതിയ ഉത്പന്നം അവതരിക്കുന്നത്. 2010 ല്‍ ഐപാഡ് പുറത്തിറക്കിയ ശേഷം അവതരിപ്പിക്കുന്ന ആദ്യ ഗാഡ്ജറ്റാണ് ആപ്പിള്‍ വാച്ച്. ആപ്പിള്‍ സ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്റെ മരണശേഷം അവതരിപ്പിക്കുന്ന ആദ്യ ഉത്പന്നമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ആപ്പിള്‍ വാച്ചിന്റെ വില 21,000 രൂപ (349 ഡോളര്‍) മുതല്‍ ആയിരിക്കും. അടുത്ത വര്‍ഷം ആദ്യം ഈ വിയറബിള്‍ ഗാഡ്ജറ്റ് വിപണിയില്‍ എത്തിക്കുമെന്ന് ആപ്പിള്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിലും അടുത്തവര്‍ഷമാദ്യം ആപ്പിള്‍ വാച്ച് എത്തും


Comments
Post a Comment